കുറുക്കന്മാരുടെ ശല്യം രൂക്ഷം; കൂട്ടത്തോടെ ജനവാസമേഖലകളില്‍ കോഴിഫാം നടത്തിപ്പുകാർക്കും വീടുകളിൽ കോഴിയെവളർത്തുന്നവർക്കും ഭീതിയാണ്.


തൊടുപുഴ: ജില്ലയില്‍ പല പഞ്ചായത്തുകളിലും കുറുക്കന്മാരുടെ ശല്യം രൂക്ഷം. മുൻകാലങ്ങളെ അപേക്ഷിച്ച്‌ കുറുക്കന്മാരുടെ എണ്ണം വലിയ തോതില്‍ വർധിച്ചിട്ടുണ്ട്.

കാടുപിടിച്ചു കിടക്കുന്ന പുരയിടങ്ങളും തോട്ടങ്ങളുമാണ് കുറുക്കന്മാർ താവളമാക്കിയിരിക്കുന്നത്. ഇടവെട്ടി പഞ്ചായത്തിലും തൊടുപുഴ മുനിസിപ്പാലിറ്റിയുടെ ചില മേഖലകളിലും ശല്യമുണ്ട്. കൂടാതെ മലങ്കര കനാലിന്‍റെ കാടുപിടിച്ചു കിടക്കുന്ന കാച്ച്‌മെന്‍റ് ഏരിയായും കുറുക്കന്മാരുടെ താവളമാണ്.

ഇടവെട്ടി പഞ്ചായത്തിലെ മാർത്തോമ്മ, ചാലംകോട്, മലങ്കര എസ്റ്റേറ്റിലെ ചൊക്കൻപാറ എന്നിവിടങ്ങളില്‍ കുറുക്കന്മാരുടെ ശല്യം അതിരൂക്ഷമാണ്. ഇവിടെയെല്ലാം കാടുകയറിക്കിടക്കുന്ന റബർതോട്ടങ്ങളും ആള്‍താമസം കുറഞ്ഞ പുരയിടങ്ങളുമുണ്ട്. ഇവിടെയൊക്കെ നൂറുകണക്കിന് കുറുക്കന്മാർ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ കൂട്ടമായാണ് ഇവയുടെ സഞ്ചാരം. പലപ്പോഴും മഴക്കാലത്താണ് ഇവ പുറത്തിറങ്ങുന്നത്.

ഒട്ടേറെ വീടുകളില്‍നിന്നു കോഴികളെ കുറുക്കന്മാർ പിടികൂടിയതായി നാട്ടുകാർ പറഞ്ഞു. നേരത്തേ ആളുകളെയും മറ്റും കാണുന്പോള്‍ ഇവ പുറത്തിറങ്ങില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ തെരുവുനായ്ക്കളെ പോലെ ഇവയും ജനവാസ കേന്ദ്രങ്ങളില്‍ വിഹരിക്കുകയാണ്. ചില കോഴിഫാം നടത്തിപ്പുകാർ ആളൊഴിഞ്ഞ പുരയിടങ്ങളിലും മറ്റും ചത്ത കോഴികളുടെ അവശിഷ്ടങ്ങള്‍ തള്ളാറുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ കുറുക്കന്മാരുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ട്.

കുറുക്കന്മാരുടെ ശല്യം വർധിച്ചതോടെ ജനങ്ങള്‍ ഭീതിയിലാണ്. ഇപ്പോള്‍ കോഴികളെ കൊന്നൊടുക്കുന്ന കുറുക്കന്മാർ കുട്ടികളെയും മറ്റും ആക്രമിക്കുമോയെന്ന ഭീതിയുമുണ്ട്. അടുത്ത നാളുകളില്‍ സംസ്ഥാനത്ത് കുറുക്കന്മാർ മനുഷ്യരെ ആക്രമിച്ച സംഭവങ്ങളുമുണ്ടായി. ഇവ കടിച്ചാല്‍ പ്രതിരോധ കുത്തിവയ്പെടുത്തില്ലെങ്കില്‍ പേ വിഷബാധയ്ക്കുള്ള സാധ്യതയുമേറെയാണ്.

കാടുപിടിച്ചു കിടക്കുന്ന മേഖലകള്‍ വെട്ടിത്തെളിച്ച്‌ ഇവയെ വാസസ്ഥലത്തുനിന്നു തുരത്തുകയാണ് പ്രധാനമായും ചെയ്യേണ്ടതെന്ന് നാട്ടുകാർ പറയുന്നു. നേരത്തേ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇത്തരത്തിലുള്ള കാടുകള്‍ വെട്ടിത്തെളിച്ചിരുന്നു. ഇപ്പോള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഇത്തരം പ്രവർത്തനങ്ങള്‍ നടത്തുന്നില്ല. അതിനാല്‍ കുറ്റിക്കാടുകള്‍ കാട്ടുപന്നികളുടെയും കുറുക്കന്മാരുടെയും കേന്ദ്രമായി മാറിയിട്ടുണ്ട്. വനംവകുപ്പും ഇക്കാര്യത്തില്‍ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.

#newsupdate #latestnews #newshour #newslive #live #livevartha #nattuvarthakal #viralnews #Thodupuzha

Leave a Reply

Your email address will not be published. Required fields are marked *