കൊച്ചി: പോക്കറ്റിൽനിന്ന് പണമെടുത്തത് തിരിച്ചു ചോദിച്ച വൈരാഗ്യത്തിന് സുഹൃത്തിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു. സംഭവത്തിൽ പള്ളുരുത്തി ചെറിയപറമ്പിൽ വീട്ടിൽ എസ്. ആൻ്റണി (ആൻ്റപ്പൻ-51) യെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ പിറവം കാരിക്കോട് അഞ്ചുസെന്റ്റ് കോളനിയിൽ നെല്ലിക്കുഴി വീട്ടിൽ ജോസഫിനെ (56) കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 40 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ചെ 12.50-ന് കടവന്ത്ര എസ്എ റോഡിൽ ജിസിഡിഎ ജങ്ഷന് സമീപത്തുള്ള മെട്രോ പില്ലർ 780-നും 781-നും മധ്യത്തിലുള്ള മീഡിയനിൽ ആയിരുന്നു സംഭവം. ഇവിടെ കിടന്നുറങ്ങിയ ജോസഫിന്റെ ദേഹത്താണ് കൈയിൽ കരുതിയ പെട്രോൾ ഒഴിച്ച് ആന്റണി തീയിട്ടത്.
കുറച്ചുനാൾ മുൻപ് ജോസഫിന്റെ പോക്കറ്റിൽനിന്ന് ആൻ്റപ്പൻ 750 രൂപ എടുത്തിരുന്നു. ജോസഫ് ഇത് പലവട്ടം തിരികെ ആവശ്യപ്പെട്ടു. ഇതിന്റെ വൈരാഗ്യമാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ‘നീ കത്തിയെരിഞ്ഞ് ചാകടാ….’ എന്നു പറഞ്ഞാണ് തീയിട്ടതെന്ന് ജോസഫ് പോലീസിന് മൊഴി നൽകി. തലയുടെ പിൻഭാഗം മുതൽ താഴോട്ടും രണ്ട് കൈകളിലും നെഞ്ചത്തും വയറിലും പൊള്ളലേറ്റിട്ടുണ്ട്. കടവന്ത്ര ഭാഗത്തെ ലോഡ്‌ജിലാണ് ആൻ്റപ്പൻ താമസിക്കുന്നത്. അവിടെ കുപ്പിയിൽ വാങ്ങി സൂക്ഷിച്ച പെട്രോൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇരുവരും സുഹൃത്തുക്കളും ഒരുമിച്ച് നഗരത്തിൽ വിവിധ ജോലികൾ ചെയ്തിരുന്നവരുമാണെന്ന് പോലീസ് പറഞ്ഞു.
#newsupdate #latestnews #newshour #newslive #live #livevartha #nattuvarthakal #viralnews #kochi #kalamasseri #medicalcollege

