ബീഫ് കറി കഴിച്ചതിന് പിന്നാലെ 84 കാരിക്ക് കടുത്ത ചുമയും ശ്വാസ തടസവും; ശ്വാസകോശത്തിന് നിന്ന് നീക്കിയത് ഇറച്ചിയിലെ എല്ല്.

കൊച്ചി: അത്താഴത്തിന് ബീഫ് കറി കഴിച്ചതിന് പിന്നാലെ 84കാരിക്ക് കടുത്ത ചുമയും ശ്വാസ തടസവും. അവശനിലയിൽ ആശുപത്രിയിലെത്തിച്ച കോതമംഗലം സ്വദേശിനിയുടെ ശ്വാസകോശത്തിന് നിന്ന് നീക്കിയത് ഇറച്ചിയിലെ എല്ല്. മൂന്ന് ദിവസം മുൻപ് അത്താഴത്തിന് ചോറും ബീഫ് കറിയും കഴിച്ചതിന് പിന്നാലെയാണ് 84 കാരിക്ക് ശ്വാസ തടസം അനുഭവപ്പെട്ടത്. നെഞ്ചിലെന്തോ തടഞ്ഞത് പോലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ട വയോധികയെ കുടുംബം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. എക്സറേയിലും സിടി സ്കാനിലും തോന്നിയ സംശയത്തിന് പിന്നാലെ വയോധികയെ കൊച്ചി അമൃത ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. അമൃത ആശുപത്രിയിലെ ഇന്റർവെൻഷണൽ പൾമണോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ച വയോധികയുടെ ശ്വാസകോശത്തിൽ നിന്ന് 2 സെന്റി മീറ്ററോളം നീളമുള്ള ബീഫിന്റെ എല്ലാണ് ഇന്റർവെൻഷണൽ പൾമണോളജി മേധാവി ഡോ.ടിങ്കു ജോസഫ് നീക്കിയത്.
റിജിഡ് ബ്രോങ്കോസ്‌കോപിയിലൂടെയാണ് എല്ലിന്റെ കഷ്ണം നീക്കിയത്. ചികിത്സ പൂർത്തിയാക്കി 84കാരി ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടതായും ഡോ.ടിങ്കു ജോസഫ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *