വാഴത്തോപ്പ് കത്തീഡ്രൽ റോഡിൻ്റെ കവാടത്തിൽ ടാറിങ് ഇളകി തകർന്ന നിലയിൽ

ചെറുതോണി: ഏഴു വർഷം മുൻപ് അറ്റകുറ്റപ്പണി നടത്തിയ വാഴത്തോപ്പ് – കത്തീഡ്രൽ കവാടം റോഡ് തകർന്നു. പള്ളിത്താഴെനിന്ന് അടിമാലി – കുമളി ദേശീയ പാതയിലേക്കുള്ള തിരക്കേറിയ ഗ്രാമീണ ലിങ്ക് റോഡാണ് ഏറെ നാളായി തകർന്ന് താറുമാറായി കിടക്കുന്നത്. ഹയർ സെക്കൻഡറി മുതൽ അങ്കണവാടികൾ വരെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലേക്കുള്ള ഒട്ടേറെ വിദ്യാർഥികളുടെ പ്രധാന സഞ്ചാര പാതയാണിത്. ജില്ലാ ആസ്‌ഥാന പഞ്ചായത്തിലേക്കും കൃഷി ഓഫിസുകളിലേക്കും എത്തുന്നവരും ആശ്രയിക്കുന്നത് ഈ റോഡിനെ തന്നെയാണ്. ഇടുക്കി രൂപത തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുള്ള കത്തീഡ്രൽ പള്ളിയിലേക്ക് എത്തുന്നവരും റോഡിന്റെ ദുരവസ്‌ഥമൂലം ക്ലേശിക്കുകയാണ്. ജില്ലാ കേന്ദ്രത്തിലെ പ്രധാന ആരാധന കേന്ദ്രമായ വാഴത്തോപ്പ് കത്തീഡ്രൽ പള്ളിയുടെ പേരിൽ തന്നെ അറിയപ്പെടുന്ന റോഡ് അധികൃതരുടെ അവഗണനയേറ്റു കിടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായെങ്കിലും നന്നാക്കാൻ നടപടിയില്ല.

റോഡിന്റെ പ്രവേശന കവാടത്തിലാണ് അപകട സാഹചര്യം കൂടുതലുള്ളത്. ലിങ്ക് റോഡിലേക്ക് വാഹനങ്ങൾ തിരിഞ്ഞ് കയറുമ്പോൾ പിന്നാലെ വരുന്ന വാഹനങ്ങൾ പെട്ടെന്ന് വേഗം കുറ‌യ്ക്കേണ്ടിവരും. ഇത് അപകടങ്ങൾക്ക് വഴിവയ്ക്കുന്നു. ഇത്തരം അപകടങ്ങൾ ഇവിടെ പതിവാണ്. മാത്രമല്ല, 2017 – 18 സാമ്പത്തിക വർഷത്തിൽ ജില്ലാ പഞ്ചായത്തിൻ്റെ ഫണ്ട് ഉപയോഗിച്ച് റീ ടാറിങ് നടത്തിയ റോഡിൻ്റെ പല ഭാഗത്തും മെറ്റൽ ഇളകി നശിച്ചിട്ടുണ്ട്. ജല അതോറിറ്റിയുടെ വിതരണ പൈപ്പുകൾ പൊട്ടി റോഡിൽ ജലച്ചോർച്ചയും പതിവാണ്. ഇതും റോഡ് തകർച്ചയ്ക്ക് ഇടയാക്കുന്നു. കോൺവന്റ്റ് ഭാഗത്തുള്ള ഇടുങ്ങിയ കലുങ്കും വാഹന കാൽനട യാത്രക്കാർക്കു ഭീഷണിയാണ്. കലുങ്കിൻ്റെ കൽക്കെട്ട് റോഡിലേക്ക് ഇറങ്ങിയാണ് സ്‌ഥിതി ചെയ്യുന്നത്. ഇത്തരം ഭീഷണികൾ ഒഴിവാക്കി റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#vazhathope #road#broken #today #news #updates #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *