അടിമാലി : മൂന്നാർ – പൂപ്പാറ ഗ്യാപ് റോഡ് യുവാക്കളുടെ അഭ്യാസവേദിയായതോടെ പൊറുതിമുട്ടി നാട്ടുകാർ. ഒടുവില്‍ വാഹനവകുപ്പ് അധികൃതർ കർശന പരിശോധനയുമായി രംഗത്തെത്തി.
അടുത്തിടെയായി സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകാൻ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള നിയമലംഘനങ്ങള്‍ കണ്ടുവരുന്നത് തടയുന്നതിനായാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധന ശക്തമാക്കിയത്. ഇടുക്കി എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ കെ.കെ രാജീവ് ഗ്യാപ് റോഡ് സന്ദർശിച്ച് ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തി. പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി ഇടുക്കി എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ ദേവികുളം ഉടമൻചോല സ്‌ക്വാഡുകളെ തുടർച്ചയായ പെട്രോളിങ്ങിന് വേണ്ടിയിട്ടും നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷൻ ക്യാൻസല്‍ ചെയ്യുന്നതിനും ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനും മറ്റ് നിയമനടപടികള്‍ എടുക്കുന്നതിനുമുള്ള തീരുമാനമാണ് എടുത്തിട്ടുള്ളത്. മോട്ടോർ വെഹിക്കിള്‍സ് ഇൻസ്‌പെക്ടർമാരായ ലൂയിസ് ഡിസൂസ, കെ. കെ ചന്ദ്രലാല്‍, ദീപു എൻ.കെ എന്നിവർ വാഹന പരിശോധനയ്ക്ക് നേതൃത്വം നല്‍കി എ.എം. വി.ഐമാരായ ബിനു കൂരാപ്പിള്ളി, ഫിറോസ് ബിൻ ഇസ്മയില്‍, രാംദേവ്, അനില്‍, അജയൻ, സതീഷ് ഗോപി , ജോബിൻ, നിർമ്മല്‍, ഫവാസ് എന്നിവർ വാഹന പരിശോധനയില്‍ പങ്കെടുത്തു.
അപകട സാദ്ധ്യതയുള്ള ഗ്യാപ്പ് റോഡില്‍ കാറില്‍ തലങ്ങും വിലങ്ങും ഓടിച്ചാണ് ചില വിരുതൻമാർ സാമൂഹ്യമാദ്ധ്യമങ്ങളില്‍വൈറലാകുന്നത്. ചിലർ കൈയ്യും തലയും, ചിലർകാലുകള്‍ വെളിയിലിട്ടും തങ്ങളുടെ സോഷളല്‍മീഡിയ അക്കൗണ്ടിന്റെ റീച്ച്‌കൂട്ടി.
മനോഹരമായ ഭൂപ്രകൃതിയും റോഡും യാത്രാസൗകര്യവും ആസ്വദിക്കാൻ വേണ്ടി വരുന്ന ടൂറിസ്റ്റുകളും മറ്റ് യാത്രക്കാരും പലപ്പോഴും ഏറെ ദുരിതം അനുഭവിക്കേണ്ടിവരുന്നുണ്ട്.
രണ്ടാഴ്ച്ചമേജർകേസുകള്‍ മൂന്ന്
കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ മൂന്ന് മേജർ കേസുകളാണ് ഗ്യാപ്പ് റോഡിലെ അഭ്യാസപ്രകടനങ്ങളുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ളത്. തിങ്കളാഴ്ച്ച ഉച്ചയോടെ പോണ്ടിച്ചേരി സ്വദേശികളായ യുവാക്കള്‍ കാറിന്റെ സൈഡ് ഗ്ളാസുകള്‍ ഡോറിന് മുകളിലൂടെ ശരീകരംപുറത്തിട്ട് അഭ്യാസം നടത്തിയത്. കാർ ഡ്രൈവർ പോണ്ടിച്ചേരി സ്വദേശിക്കെതിരെ കേസെടുത്തു. ഇതിന് മുൻപ് രണ്ട് തവണ നടന്ന സമാന സ്വഭാവമുള്ള അഭ്യാസങ്ങളില്‍ ഒരാളുടെ ലൈസൻസ് റദ്ദ് ചെയ്തിരുന്നു. കൂടാതെയുവാക്കളെ ഒരാഴ്ച്ച ആശുപത്രി സേവനത്തിന് നിയോഗിക്കുകയും ചെയ്തിരുന്നു.
“വാഹനം ഉപയോഗിച്ചുള്ള നിയമലംഘനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും സന്തോഷത്തിന്റെ ഭാഗമായി എന്നും ഓർമ്മയില്‍ നിലനില്‍ക്കേണ്ട യാത്രകള്‍ ദുരന്തത്തിലോ നിയമനടപടികള്‍ മൂലം ഉണ്ടാകുന്ന സങ്കീർണതകളില്‍ നിന്നും ഒഴിവാക്കാൻ വേണ്ടി ജാഗ്രതയോടെ വാഹനം ഓടിക്കണം
എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ കെ.കെ രാജീവ്
