കുട്ടിക്കാനം: ഓട്ടത്തിനിടെ പ്ലേറ്റ് സെറ്റ് ഇളകി തെറിച്ച കെഎസ്ആർടിസി ബസ് വൻ അപകടത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്. മുണ്ടക്കയം- കുമളി റൂട്ടിൽ കുട്ടിക്കാനത്തിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം.
ഒരു വശത്ത് 800 അടിയോളം താഴ്ച്ചയുള്ള ചെങ്കുത്തായ കൊക്കയുള്ള ഭാഗത്ത് വച്ചാണ് ഓടിക്കൊണ്ടിരുന്ന ബസിന്റെ പ്ലേറ്റ് സെറ്റ് ഇളകിമാറിയത്. ഇതോടെ നിയന്ത്രണം വിട്ട ബസ് റോഡരികിലെ സുരക്ഷാ ഭിത്തി ഇടിച്ചു തകർത്ത് കൊക്കയുടെ സമീപത്തായി നിന്നു.
ഡ്രൈവറുടെ മനസാനിധ്യവും ഭാഗ്യവും തുണച്ചില്ലായിരുന്നെങ്കിൽ ബസ് കൊക്കയിലേക്ക് പതിക്കുമായിരുന്നു. കോട്ടയത്തു നിന്നും കുമളിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 35 യാത്രക്കാരാണ് ഈ സമയത്ത് ബസിലുണ്ടായിരുന്നത്.