മൂവാറ്റുപുഴ : മുവാറ്റുപുഴ നിര്‍മല കോളേജ് വിദ്യാർഥിനിയായ നമിതയെ ബൈക്കിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ആൻസൻ റോയിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. ആൻസനെതിരെ ലഹരി കേസുകൾ ഉള്‍പ്പെടെ 11 കേസുകൾ ഉണ്ടല്ലോ എന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് വേനലവധിക്കുശേഷം കോടതി തുറക്കുമ്പോഴേക്ക് മാറ്റിയത്.
2023 ജൂലൈ 26-നാണ് ബികോം വിദ്യാർഥിനിയായിരുന്ന നമിതയെ അതിവേഗത്തിൽ വന്ന ആൻസന്റെ ബൈക്ക് തട്ടിത്തെറിപ്പിക്കുന്നത്. അതിനു മുൻപു തന്നെ കോളജിനു മുന്നിലൂടെ അതിവേഗത്തിൽ ബൈക്കോടിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർഥികളും ആൻസനുമായി തർക്കമുണ്ടായിരുന്നു. ഇതിനു പിന്നാലെ കോളേജ് വിട്ട സമയത്ത് ആൻസൻ വീണ്ടും അതിവേഗത്തിൽ ബൈക്കോടിച്ചെത്തുകയും നമിതയെ ഇടിച്ചുവീഴ്ത്തുകയുമായിരുന്നു.
സംഭവ സമയത്ത് ആൻസൻ മദ്യലഹരിയിലായിരുന്നു എന്നു നേരത്തെ കേസ് പരിഗണിച്ചപ്പോൾ പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. പ്രതിയുടെ മാനസിക നിലയിൽ പ്രശ്നങ്ങളുണ്ടെന്ന് ആൻസന്റെ അഭിഭാഷകൻ വാദിക്കുകയും ഇതു സംബന്ധിച്ച് കോടതി നേരത്തെ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
#muvattupuzhanews