പെരുമ്പാവൂർ: കൈകൾ ബന്ധിച്ച് ഏഴ് കിലോമീറ്റർ വേമ്പനാട്ട് കായൽ നീന്തികടന്ന് 10 വയസുകാരി വൈഗ സുമേഷ്. കുറുപ്പംപടി രായമംഗലം ചിറപ്പടി സുമേഷ് നായരുടെയും നീതുവിന്റെയും മകളും പെരുമ്പാവൂർ വിമല സെൻട്രൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുമായ വൈഗ 1.4 മണിക്കൂർകൊണ്ടാണ് നീന്തിക്കടന്നത്. ശനിയാഴ്ച രാവിലെ 8.19ന് ആലപ്പുഴ ജില്ലയിലെ വടക്കുംകര അമ്പലക്കടവിൽനിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള ഏഴ് കിലോമീറ്റർ നീന്തിയാണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റിക്കാർഡ്‌സിൽ ഇടംപിടിച്ചിരിക്കുന്നത്.
കൈകൾ ബന്ധിച്ച് ഏഴു കിലോമീറ്റർ നീന്തി കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയും ഏറ്റവും വേഗത്തിൽ ചെയ്‌ത വ്യക്തിയും ആദ്യത്തെ പെൺകുട്ടിയും വൈഗയാണ്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിലെ പരിശീലകൻ ബിജു തങ്കപ്പനാണ് പരിശീലനം നൽകിയത്. അനുമോദന സമ്മേളനം വിമല സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സീനിറോസ് ഉദ്ഘാടനം ചെയ്തു. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എം.പി. അജയകുമാർ അധ്യക്ഷത വഹിച്ചു.
