ഗർഡർ വീണുണ്ടായ അപകടം; മരിച്ച രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

തുറവൂരിൽ ഗർഡർ വീണുണ്ടായ അപകടത്തിൽ മരിച്ച ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും. രണ്ട് ലക്ഷം രൂപ കരാർ കമ്പനി ഇന്ന് കൈമാറും. ബാക്കിത്തുക പിന്നീട് കൈമാറുമെന്നാണ് വിവരം.

സിഎംഡിആർഎഫിൽ നിന്ന് നാല് ലക്ഷം രൂപ കൈമാറുമെന്ന് ആലപ്പുഴ ജില്ലാകളക്ടർ അറിയിച്ചു. ഇന്ന് പുലർച്ച മൂന്ന് മണിയോടെയാണ് ചന്തിരൂർ ഭാഗത്ത് ഗർഡർ വീണ് അപകടം ഉണ്ടായത്. മുട്ടയുമായി എറണാകുളം ഭാഗത്ത് നിന്നും ആലപ്പുഴയിലേക്ക് പോയ രാജേഷിൻ്റെ പിക്കപ്പ് വാനിലേക്ക് ഗർഡറുകൾ വീഴുകയായിരുന്നു. മൂന്നരമണിക്കൂറിന് ശേഷം വാഹനം പൊളിച്ചാണ് രാജേഷിന്റെ മൃതദേഹം പുറത്തെടുത്തത്.

സംഭവത്തിൽ കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്. അപകടത്തിൻ്റെ കാരണം വിശദമായി പരിശോധിക്കാനും ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനും ആവശ്യമായ എല്ലാ തുടർനടപടികളും സ്വീകരിക്കുമെന്ന് കളക്ടർ പറഞ്ഞു. ദേശീയപാത നിർമാണത്തിൻ്റെ കരാർ കമ്പനിക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും ഇതു സംബന്ധിച്ച് ശക്തമായ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം. അതിനായി ആവശ്യമായ എല്ലാ നടപടികളും ഉറപ്പാക്കുന്നതായിരിക്കുമെന്നും കളക്ടർ സ്ഥലം സന്ദർശിച്ച ശേഷം പ്രതികരിച്ചു.

സംഭവത്തിൽ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തലയും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപിയും രംഗത്തെത്തി. ഗർഡർ സ്ഥാപിക്കുമ്പോൾ ഗതാഗതം നിയന്ത്രിക്കേണ്ടതായിരുന്നുവെന്നും കൂടുതൽ സുരക്ഷാനടപടികൾ ഉണ്ടാകാതെ പോയത് വിലപ്പെട്ട ഒരു ജീവൻ നഷ്ടപ്പെടുത്തിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അപകടം അങ്ങേയറ്റം വേദനയുണ്ടാക്കുന്നതാണെന്നായിരുന്നു കെ സി വേണുഗോപാൽ പ്രതികരിച്ചത്. അപകടം ഏത് സമയത്തും ഉണ്ടാകുമെന്ന പേടിയിലായിരുന്നു തങ്ങളെല്ലാവരും. മുമ്പും ഇത്തരത്തിൽ ഗർഡർ വീണിരുന്നു. ആളില്ലാത്തതിനാൽ അന്ന് അപകടം ഒഴിവായി. അപകടം ഉണ്ടാവുമെന്ന് പലതവണ മുന്നറിയിപ്പ് നൽകിയതാണ്. നാല് തവണയെങ്കിലും കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്. കളക്ട്രേറ്റിൽ യോഗം വിളിച്ചുകൂട്ടി സുരക്ഷാമുൻകരുതൽ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നുമാണ് കെ സി വേണുഗോപാൽ പ്രതികരിച്ചത്.

#newsupdate #latestnews #newshour #newslive #live #livevartha #nattuvarthakal #viralnews #gurder #accident #thuravoor

Leave a Reply

Your email address will not be published. Required fields are marked *