തൊടുപുഴ ഫെസ്റ്റ് 2കെ25: ‘ലാ വിക്‌ടോറിയ’ വിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു

തൊടുപുഴ: പുത്തന്‍ ആശയങ്ങളിലും സമരബോധത്തിലും അടിയുറച്ച് പ്രതികരണശേഷിയുള്ള സമൂഹമായി മാറണമെന്ന ചിന്ത സമ്മാനിച്ച് ‘ലാ വിക്‌ടോറിയ’ വിദ്യാര്‍ഥി സംഗമം. തൊടുപുഴ ഫെസ്റ്റ് 2കെ25 വേദിയിലാണ് നാളെയുടെ പ്രതീക്ഷകളായ വിദ്യാര്‍ഥികള്‍ക്ക് ലോകത്തെ സംഭവ വികാസങ്ങള്‍ തങ്ങളെ ബാധിക്കുന്നതെങ്ങനെയെന്ന ധാരണ നല്‍കിയും രക്തസാക്ഷി സ്മരണകളുണര്‍ത്തിയും സംഗമം ശ്രദ്ധേയമായത്. ഡോ. പി. സരിന്‍ ഉദ്ഘാടനംചെയ്തു. ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ലഭിച്ച നാസി സല്യൂട്ട് പലതിനെയും ഓര്‍മിപ്പിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നാസി സല്യൂട്ട് അടിച്ചവരാണ് ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കിയത്. നാളെ ഇന്ത്യയിലും അഭിവാദനരീതി ഒരു ഭരണാധികാരി തീരുമാനിക്കാന്‍ സാധ്യതയുണ്ടെന്നും അത് പലതിന്റെയും ഓര്‍മപ്പെടുത്തലാകുമെന്നും തിരിച്ചറിയണം. രാജ്യത്ത് പൗരത്വം എങ്ങനെയൊക്കെ റദ്ദ് ചെയ്യപ്പെടുമെന്നത് സംബന്ധിച്ച് കുറച്ച് വര്‍ഷങ്ങളില്‍ തീരുമാനങ്ങളുണ്ടാകും. ഇതിനെതിരെയെല്ലാം പ്രതികരിക്കാനും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും സാധിക്കണം. ലോകത്തെ അപകടത്തിലേക്ക് നയിക്കുന്ന ആളുകള്‍ക്ക് മുന്നിന്‍ അങ്ങനെ ചെയ്യരുതെന്ന് പറയാന്‍ ഉയര്‍ന്നുവരേണ്ട ശബ്ദങ്ങളാണ് വിദ്യാര്‍ഥികളുടേത്. അതിലെ തെറ്റുകള്‍ വിളിച്ചുപറയാന്‍ മടിയില്ലാത്തവരാകണം. അതിനുള്ള ധൈര്യം സമ്പാദിക്കലാണ് വിദ്യാര്‍ഥി കാലഘട്ടത്തില്‍ ആര്‍ജ്ജിച്ചെടുക്കേണ്ടത്. മികച്ച ആശയങ്ങള്‍ കൊണ്ടുവന്ന്, അത് അടുത്ത തലമുറയുടെ ആവശ്യങ്ങളുമായി ബന്ധപ്പെടുത്തി നിയമനിര്‍മാണത്തിന് വരെ വഴിവയ്ക്കുന്ന ഇടപെടലുകള്‍ നടത്തണമെന്നും സരിന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *