കൗൺസിലിനെ നോക്കുകുത്തിയാക്കി സമർപ്പിച്ച പദ്ധതി : ഡിപിസി മാറ്റിവച്ചു

തൊടുപുഴ : നഗരസഭാ കൗൺസിൽ തീരുമാനം മറികടന്ന് ചെയർപേഴ്‌സൺ ഡിപിസിക്ക് സമർപ്പിച്ച പദ്ധതി കൗൺസിലർമാരുടെ പരാതിയെത്തുടർന്ന് ജില്ലാ പ്ലാനിംഗ് കമ്മിറ്റി അംഗീകാരം നൽകാതെ മാറ്റിവച്ചു. കഴിഞ്ഞ 11ന് ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിന്റെ നാലാം നമ്പർ അജൻഡയായ വാർഷികപദ്ധതി ഭേദഗതിയിൽ കൗൺസിൽ തീരുമാനിച്ച ചില പദ്ധതികൾ ഒഴിവാക്കിയും കൗൺസിൽ തീരുമാനിക്കാത്ത പദ്ധതികൾ ഉൾപ്പെടുത്തിയുമാണ് ചെയർപേഴ്സൺ ഡിപിസിക്ക് സമർപ്പിച്ചത്. നഗരസഭയിൽ സ്വന്തമായി കെട്ടിടമില്ലാത്ത 30, 33 വാർഡുകളിലെ അങ്കണവാടികളുടെ നിർമ്മാണത്തിന് പത്തുലക്ഷം രൂപ വീതം വകയിരുത്താനും ഇത് ബഹുവർഷ പദ്ധതിയാക്കുന്നതിനുമുള്ള കൗൺസിൽ തീരുമാനം മിനിറ്റ്സിൽ ഉൾപ്പെടുത്താതെ ഒഴിവാക്കി.396-ാം നമ്പർ പ്രോജക്‌ടായ നഗരസഭാ ഹാപ്പിനസ് പാർക്ക് പദ്ധതി നഗരസഭയിലെ മുഴുവൻ ജനങ്ങൾക്കും പ്രയോജനപ്പെടുന്നതായിട്ടും ഇതിനായി വകയിരുത്തിയിരുന്ന നാലു ലക്ഷം രൂപ ചെയർപേഴ്‌സൺ സ്വന്തം വാർഡിലെ പ്രവർത്തനങ്ങൾക്ക് കൗൺസിൽ അനുമതി ഇല്ലാതെ വകമാറ്റിയെന്നു പരാതിയിൽ ചൂണ്ടിക്കാട്ടി.വെങ്ങല്ലൂരിൽ നഗരസഭാ വക സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിക്കുന്നതിനു വകയിരുത്തിയിരുന്ന തുകയും കൗൺസിൽ അനുമതി ഇല്ലാതെ മാറ്റിയിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് ചെയർപേഴ്‌സണും നഗരസഭാ സെക്രട്ടറിക്കും പരാതി നൽകിയെങ്കിലും അത് മുഖവിലയ്ക്കെടുക്കാതെ പദ്ധതി തീരുമാനങ്ങൾ ഡിപിസിക്ക് അയയ്ക്കാൻ ചെയർപേഴ്‌സൺ പ്ലാനിംഗ് വിഭാഗത്തിന് നിർദേശം നൽകുകയാണ് ചെയ്തത്. ഇത് ചൂണ്ടിക്കാട്ടിയാണ് നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ദീപക്, മുനിസിപ്പൽ കൗൺസിലർമാരായ ആർ.ഹരി, സനീഷ് ജോർജ്, ജോസഫ് ജോൺ, ഷീജ ഷാഹുൽ ഹമീദ്, സനുകൃഷ്‌ണൻ, നീനു പ്രശാന്ത്, നിസ സക്കീർ, രാജി അജേഷ്, ജോർജ് ജോൺ എന്നിവർ ജില്ലാ കളക്‌ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എന്നിവർക്ക് പരാതി നൽകിയത്. ഇതേത്തുടർന്ന് വ്യാഴാഴ്ച്ച ചേർന്ന പ്ലാനിംഗ് കമ്മിറ്റി പദ്ധതി അന്വേഷണവിധേയമാക്കാൻ തീരുമാനിച്ചു. നഗരസഭാ കൗൺസിലിൻ്റെ തീരുമാനം അട്ടിമറിക്കാൻ ചെയർപേഴ്‌സൺ നടത്തിയ ശ്രമം ജനാധിപത്യവിരുദ്ധമാണെന്ന് കൗൺസിലർമാർപറഞ്ഞു.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#muncipality #thodupuzha #news #updates #onlinemedia #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *