ഇടുക്കി: കട്ടപ്പന നഗരസഭയിൽ വീടുകളിൽ വെള്ളം എത്തിക്കുന്നതിന് 50 കോടി അനുവദിച്ചിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കട്ടപ്പന പൊലീസ് വളവ് നവീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. മേഖലയിലെ 28 ഓളം കുടുംബങ്ങൾ കുടിവെള്ള ക്ഷാമം നേരിടുന്നതായി പ്രദേശവാസിയായ സിബി നെച്ചുമണ്ണിലാണ് മന്ത്രിയെ അറിയിച്ചത്. തുടർന്ന് പദ്ധതിയുടെ നവീകരണത്തിനായി മന്ത്രി 10 ലക്ഷം രൂപാ അനുവദിച്ചു. മുമ്പ് ഉണ്ടായിരുന്ന കുളത്തിന്റെ ആഴം വർധിപ്പിച്ച് കല്ലുകെട്ടി വശങ്ങളിലെ ഓടകൾ സജ്ജമാക്കിയാണ് നിർമാണം പൂർത്തികരിച്ചത്. കുടിവെള്ള പദ്ധതിയുടെ സമീപത്തെ ഓട നിർമിക്കുന്നതിനും തകർന്ന അപ്പാപ്പൻ പടി റോഡ് നിർമിക്കുന്നതിനുമായി പ്രദേശവാസികൾ ഒപ്പിട്ട നിവേദനം മന്ത്രിക്ക് നൽകി. രണ്ടുപദ്ധതികൾക്കും 50 ലക്ഷം രൂപാ വീതം അനുവദിച്ചു. കുളത്തിന് സ്ഥലം സംഭാവന നൽകിയ കല്ലൂർമറ്റം കുടുംബത്തെയും കുടിവെള്ള ടാങ്കിന് സ്ഥലം നൽകിയ ആന്റണി വർക്കി ചേലകാട്ടിനേയും, കോൺട്രക്ടർമാരായ അമൽ സി.വി, വിനോദ് മാത്യൂ എന്നിവരെയും, പദ്ധതിയുടെ വിജയത്തിനായി പരിശ്രമിച്ച സിബി നെച്ചുമണ്ണിലിനെയും ആദരിച്ചു. വാർഡ്കൗൺസിലർ ജോണി കുളംപള്ളിൽ അധ്യക്ഷനായി. അഡ്വ.മനോജ് എം തോമസ്, ടെസിൻ കളപ്പുര, ജോസ് കൊന്നയ്ക്കൽ, പി എസ് മേരി ദാസൻ തുടങ്ങിയവർ സംസാരിച്ചു.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
