കുമിളി : ഇന്നലെ കുമളിയിലുണ്ടായ വാഹന അപകടത്തിൽമരണപ്പെട്ടത് കുമളി സ്പ്രിംഗ് വാലി കോഴിക്കോട്ട് വീട്ടിൽ മുൻ ബിവറേജ് ജീവനക്കാരൻ കൂടിയായ
റോയി സെബാസ്റ്റ്യൻ(64) ആണെന്ന് തിരിച്ചറിഞ്ഞു.
അറുപത്തിയാറാംമൈൽ കുരിശുപള്ളി ഇറക്കം ഇറങ്ങി വരുന്നതിനിടെ കാറിൽനിന്നും പുക ഉയരുകയായിരുന്നു. ഈ സമയം കാറിന് പിന്നിൽ വന്നിരുന്ന ബൈക്ക് യാത്രികൻ, കാറിനെ മറികടന്ന് ബൈക്ക് നിർത്തി കാറിൽ നിന്നും ഡ്രൈവറോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ കാറിനുള്ളിൽ അതിവേഗം തീ പടരുകയും കാർ നിയന്ത്രണം നഷ്ടപ്പെട്ട് നിർത്തിയിട്ടിരുന്ന ബൈക്കിൽ വന്നിടിച്ചു കയറുകയുമായിരുന്നു.
കാറിന്റെ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും കാറിനുള്ളിൽ ശക്തമായ തീ ആളി പടർന്നതിനാൽ ഇയാളെ രക്ഷപ്പെടുത്തുവാൻ സാധിച്ചില്ല..ശരീരം മുഴുവൻ വേഗത്തിൽ തീപടരുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും കത്തി നശിച്ചു. നാട്ടുകാരുടെ സഹായത്തോടെ കുമളിയിൽ നിന്നും ടാങ്കർ ലോറിയിൽ വെള്ളം കൊണ്ടുവന്നും പിന്നീട് പീരുമേട് നിന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിമോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.