ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം ; രണ്ട് പേർക്ക് പരിക്ക്

മുട്ടം : ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. തൊടുപുഴ- ഈരാറ്റുപേട്ട റോഡിൽ മുട്ടം തോണിക്കല്ലിന് സമീപത്തെ വളവിൽ ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു അപകടം.

തൊടുപുഴയിൽനിന്ന് ഈരാറ്റുപേട്ട ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാറിൽ എതിർദിശയിൽ വന്ന ബൈക്ക് ഇടിച്ച് കയറുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രികർക്കാണ് പരിക്കേറ്റത്. ഒരാൾക്ക് സാരമായ പരിക്കേറ്റു. ഇല്ലിക്കൽക്കല്ല് കണ്ട് മടങ്ങുകയായിരുന്ന നേര്യമംഗലം സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. നാലംഗ സംഘം സഞ്ചരിച്ച രണ്ട് ബൈക്കുകളിലൊന്നാണ് അപകടത്തിൽപ്പെട്ടത്.

കുത്തനെയുള്ള ഇറക്കമുള്ള റോഡിൽ കനത്ത മഴയിൽ വഴുക്കലുണ്ടായതുമാണ് അപകട കാരണമെന്നാണ് സൂചന. മുട്ടം, മേലുകാവ് പോലീസ് സ്റ്റേഷനുകളുടെ അതിർത്തിയിലാണ് അപകടം നടന്നത്. അപകടമുണ്ടായയുടൻ തന്നെ സ്ഥലത്തെത്തുണ്ടായിരുന്നവർ പോലീസ് സ്റ്റേഷനുകളിൽ വിവരം അറിയിച്ചിരുന്നു. എന്നാൽ മുക്കാൽ മണിക്കൂറിന് ശേഷം മേലുകാവ് പോലീസ് എത്തിയെങ്കിലും അപകടം നടന്നത് മുട്ടം സ്റ്റേഷൻ അതിർത്തിയിലാണെന്നും തുടർ നടപടികൾ അവരാണ് സ്വീകരിക്കേണ്ടതെന്നും അറിയിച്ചു. അപകടത്തിൽ പരിക്കേറ്റവരെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *