തൊടുപുഴ : ജലനിരപ്പ് ഉയർന്നതോടെ മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകൾ കൂടി ഇന്നലെ തുറന്നു. ഇതോടെ തുറന്ന ഷട്ടറുകളുടെ എണ്ണം നാലായി. ഇന്നലെ തുറന്ന രണ്ടു ഷട്ടറുകൾ 50 സെന്റി മീറ്റർ വീതവും നേരത്തെ തുറന്നവ 20 സെന്റിമീറ്റർ വീതവുമാണ് ഉയർത്തിയിട്ടുള്ളത്. ഇതേത്തുടർന്ന് തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയർന്നു. ആവശ്യമെങ്കിൽ കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കുമെന്നും ആറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. തീവ്രമഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മലങ്കര ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു
