മൂവാറ്റുപുഴ : പാർക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലർ നിർത്താൻ ശ്രമിച്ച യുവാവ് വാഹനത്തിനടിയിൽ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം കുന്നയ്ക്കാൽ തേവർമഠത്തിൽ നന്ദുവാണ് (21) മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. ഓട്ടം കഴിഞ്ഞ് മടങ്ങിയെത്തിയ നന്ദു വീടിനു സമീപം ട്രാവലർ പാർക്ക് ചെയ്ത ശേഷം മടങ്ങവേയാണ് വാഹനം മുന്നോട്ടുനീങ്ങിയത്.
റോഡിലേക്ക് പോകുന്നത് തടയാൻ വാഹനത്തിൽ കയറാൻ ശ്രമിച്ച നന്ദു പിടിവിട്ട് വാഹനത്തിനടിയിലേക്ക് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കിടങ്ങിലെ കെട്ടിൽ ഇടിച്ച് ട്രാവലർ നിന്നതോടെ യുവാവ് വാഹനത്തിനടിയിൽ കുടുങ്ങി.
പ്രദേശവാസികൾ വാഹനമുയർത്തി നന്ദുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് ജെ.സി.ബി. എത്തിയാണ് വാഹനം നീക്കിയത്. ഉടൻതന്നെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൂവാറ്റുപുഴ പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. സംസ്കാരം പിന്നീട്. പിതാവ് : സജി. മാതാവ് : സിന്ദു, സഹോദരൻ : അനന്തു.
