തൊടുപുഴ: മേട മാസത്തിലെ പത്താമുദയത്തോനുബന്ധിച്ച് കാഡ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗ്രീൻ ഫെസ്റ്റിന് തുടക്കമായി. പി ജെ ജോസഫ് എം.എൽ.എ തിരിതെളിച്ച് ഗ്രീൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കാഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സൗജന്യ ഇളനീർ തെങ്ങിൻ തൈകളുടെ വിതരണോദ്ഘാടനം മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവ്വഹിച്ചു. തരിശായി കിടക്കുന്ന കൃഷിഭൂമി ഏറ്റെടുത്ത് ശാസ്ത്രീയവും വാണിജ്യ പ്രാധാന്യമുള്ളതുമായ കൃഷിയിറക്കുന്ന “ഹരിതം മധുരം” പദ്ധതിയുടെ ഉദ്ഘാടനം ഫാ. സ്റ്റാൻലി കുന്നേൽ നിർവ്വഹിച്ചു. വിവിധ കാർഷിക മേഖലകളിൽ അവാർഡ് നേടിയ അവാർഡ് ജേതാക്കളെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ജി രാജശേഖരൻ ആദരിച്ചു. തുടർന്ന് ജില്ല പ്രസ് ക്ലബ്ബ് സെക്രട്ടറി ജെയിംസ് വാട്ടപ്പിള്ളിൽ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ.ബിജു പറയനിലം, ജില്ലാ ചെറുകിട വ്യവസായ അസോസിയേഷൻ പ്രസിഡന്റ്, ബേബി ജോർജ്, KHFA പ്രസിഡന്റ് എം എൻ ബാബു, ട്രാക്ക് എം സി മാത്യു, ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, പ്രൊ. ജോസഫ് അഗസ്റ്റിൻ, തൊടുപുഴ വൈസ് ചെയർമാൻ, എൻ രവീന്ദ്രൻ, ഡയറക്ടർമാരായ ജേക്കബ് മത്യു എൻ.ജെ മാമച്ചൻ എന്നിവർ പ്രസംഗിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് തന്നെ മേളാനഗരിയിൽ വലിയ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി.23)o തീയതി മേടമാസത്തിലെ പത്താമുദയമായതുകൊണ്ട് ആ ദിവസം തന്നെ തൈ നടുന്നതിനുള്ള ക്രമത്തിലാണ് മേള ഒരുക്കിയിട്ടുള്ളത്. ഉയർന്ന ഉൽപാദനശേഷിയുള്ള വിവിധയിനം ഫലവൃക്ഷത്തകളും പഴവർഗ്ഗ ചെടികളും മേളയിൽ എത്തിച്ചിട്ടുണ്ട്. നാളികേര വികസന ബോർഡിന്റെ തെങ്ങിൻ തൈകൾ മേളയിലെ ഒരു ആകർഷണ ഘടകമാണ്. പെരുമ്പളം ദ്വീപിലെ പ്രധാന ജൈവകർഷകനായ ശ്രീകുമാറിന്റെ വിവിധയിനം തൈകളും മേള നഗരിയിൽ വിൽപ്പനയ്ക്കായി എത്തിയിട്ടുണ്ട്. നാളെ രാവിലെ 10 മണിക്ക് തൊടുപുഴ ചാഴിക്കാട്ട് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ജനറൽ മെഡിസിൻ ജനറൽ സർജറി നെഫ്രോളജി ഓർത്തോപീഡിക്സ് എന്നീ വിഭാഗത്തിൽ മെഡിക്കൽ ക്യാമ്പ് ആരംഭിക്കും. 10 30 ന് നാളികേര കർഷകർക്കുള്ള പരിശീലനവും തുടർന്ന് ബുക്ക് ചെയ്തിട്ടുള്ള കർഷകർക്ക് സൗജന്യമായി ഇളനീർ തെങ്ങിൻ തൈകൾ നാളെ വിതരണം ചെയ്യും.
