ആടുജീവിതത്തിന് ഹൈറേഞ്ചിൻ്റെ കൈയ്യൊപ്പ് : സ്പോട്ട് എഡിറ്റർ വെള്ളത്തൂവൽ സ്വദേശി റെക്സൺ ജോസഫ്
സമീപകാല മലയാള സാഹിത്യത്തില്‍ സമാനതകളില്ലാത്ത വസന്തം സൃഷ്ടിച്ച ഒരു കൃതി, ആടുജീവിതം. നജീബിന്റെ പൊള്ളുന്ന പ്രവാസത്തെ ബെന്യാമിന് വായനക്കാര്‍ക്ക് അക്ഷരങ്ങളിലൂടെ വരച്ചു നൽകിയപ്പോൾ നെഞ്ച് പിടയാഞ്ഞവര് ആരും തന്നെയില്ല.
വായനയുടെ 16 വര്‍ഷങ്ങള്‍ക്കിപ്പുറം ഈ 28ന് ദൃശ്യഭാഷയില്‍ പ്രേക്ഷകർക്കു മുന്നിലേക്ക് എത്തുന്നു ആടുജീവിതം.
ആറു വർഷങ്ങളെടുത്താണ് ഈ ചിത്രം പൂർത്തിയാക്കിയിരിക്കുന്നത്. ബ്ലസിക്കൊപ്പം മഹാപ്രതിഭകളുടെ നിരതന്നെ സിനിമയിലുണ്ട്. സംഗീത സംവിധായകനായി എ.ആർ. റഹ്മാൻ, ശബ്ദമിശ്രണത്തിനായി റസൂൽ പൂക്കുട്ടി, എഡിറ്റർ ശ്രീകർ പ്രസാദ് എന്നിങ്ങനെ നീളുന്നു പ്രമുഖരുടെ നിര.
ഈ സിനിമയുടെ വിഷ്വൽസ് ആദ്യമായി കാണാൻ ഭാഗ്യം സിദ്ധിച്ചത് ഒരു അടിമാലിക്കാരനാണ്. പേര് റെക്സൺ ജോസഫ്. ആടുജീവിതം സിനിമയുടെ സ്പോട്ട് എഡിറ്റർ.
ഇടുക്കി അടിമാലി വെള്ളത്തൂവൽ സ്വദേശി ജോസഫിന്റെയും ഭാര്യ റോസ്ലിയുടെയും മകൻ. സിനിമയുമായി ബന്ധമൊന്നുമില്ലാത്ത ഒരു കുടുംബത്തിൽ പിറന്ന് അപ്രതീക്ഷിതമായി സിനിമാരംഗത്തെത്തി ശ്രദ്ധേയനാവുകയാണ് റെക്സൺ.
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ ഗ്രാമത്തിൽ ഷൂട്ടിംഗ് ലൊക്കേഷനുകൾ തേടിവരുന്നവർ എന്നതായിരുന്നു റെക്സന്റെ ആകെയുള്ള അറിവ്. അങ്ങനെയുള്ള സിനിമാക്കാർ ഇന്നു റെക്സണെ തേടി വന്നു തുടങ്ങിയിരിക്കുന്നു.
വെള്ളത്തൂവൽ ഫൊറോനയിലെ കുത്തുപാറ ഇടവകയിൽ സൺഡേ സ്കൂൾ അധ്യാപനവുമൊക്കെയായി ഒതുങ്ങിയ ജീവിതം നയിച്ചുവന്ന തന്നെ സിനിമയിലേക്കു വഴി നടത്തിയത് ദൈവമാണെന്ന്് റെക്സൺ വിശ്വസിക്കുന്നു.
വെള്ളത്തൂവല്‍ ഗവൺമെന്റ് ഹയര്‍ സെക്കൻഡറി സ്കൂള്‍ പഠനത്തിനു ശേഷം ഡിഗ്രി പഠനത്തിനായി പാലാ സെന്റ് തോമസ് കോളജില്‍ എത്തിയതോടെയാണ് റെക്സന്റെ ജീവിതം വഴിത്തിരിവിലേക്കു നീങ്ങിയത്. രസതന്ത്രമായിരുന്നു വിഷയം.
അക്കാലത്തു പരിചയപ്പെട്ട ജിജു എന്നൊരു കാമറമാനാണ് റെക്സന്റെ ജീവിതത്തെ മാറ്റിമറിച്ച ആദ്യത്തെ വ്യക്തി. കാമറയില്‍ തോന്നിയ താത്പര്യം പിന്നീട് എഡിറ്റിംഗിലേക്കു നീണ്ടു. ഇതോടെ സെന്റ് തോമസിലെ പഠനകാലത്തുതന്നെ ആദംസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നൊരു സ്ഥാപനത്തില്‍ എഡിറ്റിംഗ് പഠിക്കാനായി ചേര്‍ന്നു.
വൈകുന്നേരങ്ങളിലായിരുന്നു ഈ ക്ലാസ്. 2013ല്‍ ആണ് റെക്സണ്‍ ജോസഫ് സിനിമയിലേക്കു ചുവടുവയ്ക്കുന്നത്. എന്നാല്‍, എഡിറ്ററോ കാമറമാനോ ഒന്നുമായിട്ടായിരുന്നില്ല ആ വരവ്; മറിച്ച് സൗണ്ട് റിക്കാര്‍ഡിസ്റ്റ് ആയിട്ടായിരുന്നു.
തുടക്കം മമ്മൂട്ടിയിൽ
കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്ന മമ്മൂട്ടി- ദിലീപ് ചിത്രമായിരുന്നു അത്. സൗണ്ട് റിക്കാര്‍ഡിസ്റ്റ് ബിജുവിനെ പരിചയപ്പെട്ടതായിരുന്നു അതിനു വഴിയൊരുക്കിയത്. ബിജു പില്ക്കാലത്തു നിര്‍മാതാവായി മാറി.
ആദ്യ സിനിമയിലെ ആദ്യ ഷോട്ട് മമ്മൂട്ടിയെ വച്ചു തുടങ്ങാനായതു വലിയ ഭാഗ്യമാണ്- റെക്സൺ പറയുന്നു. ആ സമയത്തു കുറച്ചു ദിവസങ്ങള്‍ വീതം നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. മെംബര്‍ഷിപ് കാര്‍ഡ് ഇല്ലാത്തതിനാല്‍ സിനിമയിൽ മുഴുവനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.
തുടർന്നു പോപ്പി, ടാറ്റാ സ്കൈ, ഫ്ലിപ്പ് കാര്‍ട്ട്, സാറാസ് തുടങ്ങി നിരവധി പരസ്യങ്ങളിലും പ്രവര്‍ത്തിച്ചു.
പരസ്യങ്ങള്‍ ചെയ്യുന്ന സമയം ജോര്‍ജി എന്ന കാമറമാനെ പരിചയപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് കാമറമാന്‍ ആയി ഹോംലി മീല്‍സ് എന്ന ചലച്ചിത്രത്തില്‍ പ്രവര്‍ത്തിച്ചു. പിന്നീട് എഡിറ്റിംഗ് മേഖലയിലേക്കു തന്നെ തിരിഞ്ഞു.
മോഹന്‍ലാല്‍ – രഞ്ജിത് ചിത്രമായ സ്പിരിറ്റിന്റെ എഡിറ്റര്‍ സന്ദീപ് നന്ദകുമാറിനെ പരിചയപ്പെടാനായത് സിനിമാജീവിതത്തിലെ മറ്റൊരു വലിയ വഴിത്തിരിവായി. സന്ദീപിന്റെ അസിസ്റ്റന്റ് ആയും അസോസിയേറ്റ് എഡിറ്ററായും നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.
ആടുജീവിതത്തിലേക്ക്
ചിറകൊടിഞ്ഞ കിനാക്കള്‍, 100 ഡേയ്സ് ഓഫ് ലൗ, ജമ്നാ പ്യാരി, ജോണി ജോണി യെസ് അപ്പ, ലാല്‍ ബഹദദൂര് ശാസ്ത്രി, റെഡ്വൈന്, ജൂണ്‍, ആടുപുലിയാട്ടം തുടങ്ങി 40ല്‍പരം ചലച്ചിത്രങ്ങളില്‍ സ്പോട്ട് എഡിറ്ററും അസിസ്റ്റന്റുമൊക്കെയായി മാറി.
2018ലാണ് സ്വതന്ത്ര ചലച്ചിത്ര സംയോജകനായി മാറുന്നത്. രാജീവ് വര്‍ഗീസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ “അങ്ങനെ ഞാനും പ്രേമിച്ചു’ എന്ന ചലച്ചിത്രമായിരുന്നു അത്. പിന്നീട് കര്ണന് നെപ്പോളിന്‍ ഭഗത്സിംഗിന്റെയും എഡിറ്റിംഗ് നിര്‍വഹിച്ചു.
ആ സമയത്തായിരുന്നു “ജോണി ജോണി യെസ് അപ്പ’യുടെ അസോസിയേറ്റ് സംവിധായകനായിരുന്ന അജയ് ചന്ദ്രികയുടെ വിളിവരുന്നത്. “ഒരു വര്‍ക്കുണ്ട്. കുറച്ചുനാള്‍ ഉണ്ടാകും. വരുന്നോ’ എന്നു മാത്രമായിരുന്നു ചോദ്യം.
ദൈവാനുഗ്രഹമാകാം ഒന്നും ആലോചിക്കാതെ സമ്മതിച്ചു. പിന്നീടാണ് മലയാളത്തില്‍ ഇന്നേവരെ ഒരുങ്ങിയിട്ടുള്ളതിൽ ഏറ്റവും വലിയ ചലച്ചിത്രം ആടുജീവിതത്തിന്റെ ഭാഗമാകാനായിരുന്നു ആ വിളിയെന്നു തിരിച്ചറിഞ്ഞത്.
മരുഭൂമിയിൽ കുടുങ്ങി
2019ല്‍ ജോര്‍ദാനില്‍ ആദ്യ ഷെഡ്യൂള്‍ 35 ദിവസത്തില്‍ പൂര്‍ത്തീകരിച്ചു മടങ്ങി. ശേഷം അടുത്ത വര്‍ഷം ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിനായി ജോര്‍ദാനിലെ വാഡിറം എന്ന സ്ഥലത്തേക്കു പോയി. ആ യാത്ര സംഘത്തിലെ എല്ലാവര്ക്കും ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒന്നായി മാറി.
കാരണം അതിനിടെ, കോവിഡ്19 ലോകത്തു പൊട്ടിപ്പുറപ്പെട്ടു. എല്ലാവരുടെയും ജീവിതത്തെ അടിമുടി അട്ടിമറിച്ച മഹാമാരിയെ ഒരു പരിചയവുമില്ലാത്ത ഒരു നാട്ടിൽ നേരിടേണ്ട അവസ്ഥയിലായിരുന്നു ഞങ്ങൾ.
കോവിഡ് വ്യാപനം നിമിത്തം ലോകം നിശ്ചലമായപ്പോള്‍ ആടുജീവിതത്തിന്റെ ക്രൂ മുഴുവന്‍ മരുഭൂമിയില്‍പ്പെട്ടു. നാട്ടിലെ മാധ്യമങ്ങള്‍ അതു വലിയ വാര്‍ത്തയാക്കി.
അരണ്ട വെട്ടത്തിലും പൊടിമണ്ണിലും മരുഭൂമിയിലെ മഴയിലും ചൂടുകാറ്റിലുമൊക്കെ തളരാതെ പകര്‍ത്തിയ ദൃശ്യവിസ്മയങ്ങളുടെ ഭാവി എന്താകും എന്ന വലിയ ചോദ്യം ഉയർന്നിരുന്നു. എന്നാല്‍, ആ ദിനങ്ങളിലൊക്കെ സംഘത്തിലുള്ളവർക്കെല്ലാം പോസിറ്റീവ് ഊര്‍ജം നല്കാന് സംവിധായകന് ബ്ലെസിയും നടന് പൃഥ്വിരാജും മുന്നിട്ടിറങ്ങി.
ഞങ്ങൾ ക്രിക്കറ്റും ലൂഡോയും ചീട്ടുമൊക്ക കളിച്ചു മാനസിക സമ്മര്‍ദത്തെ നേരിട്ടു. എന്നാല്‍, നാട്ടിലും നഗരത്തിലുമൊക്കെയുള്ളവർ ലോക്ഡൗണ്‍ നിമിത്തം ഒന്നു പുറത്തിറങ്ങാന്‍ കഴിയാതെ വിമ്മിട്ടപ്പെട്ടപ്പോള് ഞങ്ങൾക്ക് മരുഭൂമി ഒരനുഗ്രഹമായിത്തോന്നി.
കാരണം അവിടെ അത്തരം നിയന്ത്രണങ്ങളൊന്നും ആവശ്യമില്ലായിരുന്നു. ഏതാണ്ട് എൺപതു ദിവസത്തോളം അവിടെ കുടുങ്ങി. അത്രയും ദിവസം ഒന്നിച്ചു ജീവിച്ചശേഷം തിരികെ നാട്ടിലേക്കു മടങ്ങുന്പോൾ ആടുജീവിതത്തിന്റെ ക്രൂ ഒരു കുടുംബം പോലെ തന്നെ ആയി മാറിയിരുന്നു.
കടുത്ത പ്രതിസന്ധികളെ നേരിട്ടു ബ്ലസി അഭ്രപാളിയിലാക്കിയ ആടുജീവിതം പ്രേക്ഷകർക്ക് ഒരു ദൃശ്യവിരുന്നായി മാറുമെന്നാണ് സ്പോട്ട് എഡിറ്റർ എന്ന നിലയിൽ സംവിധായകനൊപ്പം ആടുജീവിതത്തിന്റെ ആദ്യ കാഴ്ചക്കാരനായി ഇരുന്ന റെക്സൺ വിശ്വസിക്കുന്നത്. ഭാര്യ ശ്രുതിമോള്‍ ജോയിക്കും മകന് നെതനുമൊപ്പം റെക്സണിപ്പോൾ എറണാകുളത്താണ് താമസം.
നല്ല സൗഹൃദങ്ങളെ സംയോജിപ്പിച്ചു റെക്സന്റെ സിനിമാജീവിതം കൂടുതൽ രസമുള്ളതായി മുന്നോട്ട്. കപ്പ് അടക്കം ഒരുപിടി ചലച്ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായി റിലീസിനായി ഒരുങ്ങുന്നു.
കടപ്പാട് : ശരത് ജി മോഹൻ (ദീപിക. കോം)

