ഭിന്നശേഷിയുള്ള യുവാവ് നൽകിയ സെക്രട്ടറിക്കെതിരേയുള്ള പരാതി : കുമാരമംഗലം പഞ്ചായത്തിൽ ബഹളം

തൊടുപുഴ : ഭിന്നശേഷിക്കാരനെ അപമാനിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് കുമാരമംഗലം പഞ്ചായത്തിൽ വീണ്ടും ബഹളം. ആരോപണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയപ്പോൾ സെക്രട്ടറി പഞ്ചായത്ത് ഓഫീസ് അകത്തുനിന്നു പൂട്ടിയതോടെയാണ് നാടകീയ സംഭവങ്ങൾക്ക് തുടക്കം.യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓഫീസ് പുറമേ നിന്നും പൂട്ടി. ഇന്നലെ മൂന്നോടെയായിരുന്നു സംഭവങ്ങൾ അരങ്ങേറിയത്. ഇതിനിടെ പഞ്ചായത്ത് അംഗങ്ങൾ തമ്മിൽ ഭിന്നതയും ഉടലെടുത്തു. കഴിഞ്ഞ നാലിനു പഞ്ചായത്ത് ഓഫീസിൽ മുൻപ് നൽകിയ പരാതിയെക്കുറിച്ച് അന്വേഷിക്കാനെത്തിയ ഭിന്നശേഷിക്കാരനായ പെരുമ്പിള്ളിച്ചിറ തൃക്കടായിൽ ഇസ്മയിൽ മുഹമ്മദിനെ പഞ്ചായത്ത് സെക്രട്ടറി അപമാനിച്ചെന്നാണ് ആരോപണം. പഞ്ചായത്ത് സെക്രട്ടറി ഷേർളി ജോണിനെതിരെ വിദ്യാർത്ഥിയായ ഇസ്‌മയിൽ മുഹമ്മദ് പോലീസിൽ പരാതിയും നൽകിയിരുന്നു. പരാതിയെത്തുടർന്ന് പോലീസ് അന്വേഷണം നടത്തി വരികയാണ്. എന്നാൽ ഇതിനിടെ തന്റെ വീട്ടിലേക്ക് സെക്രട്ടറി പറഞ്ഞു വിട്ട ആളുകൾ വന്നു ഭീഷണി മുഴക്കിയതായാണ് ഇസ്മയിൽ പറയുന്നത്.

യൂത്ത് കോൺഗ്രസ് സമരം ഇന്നലെ യൂത്ത് കോൺഗ്രസ് നേതാക്കൾ ഇസ്മയിലിനെയും കൂട്ടി പഞ്ചായത്ത് ഓഫീസിലെത്തിയെങ്കിലും സെക്രട്ടറി ചർച്ചയ്ക്ക് തയ്യാറായില്ല. ഇതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓഫീസിനുള്ളിൽ മുദ്രാവാക്യം വിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. ഇതോടെ സെക്രട്ടറി ഓഫീസ് മുറി അകത്ത് നിന്നും പൂട്ടുകയായിരുന്നു. ഇതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓഫീസ് മുറി പുറമേ നിന്ന് പൂട്ടി. തുടർന്ന് സെക്രട്ടറി അറിയിച്ചതനുസരിച്ച് തൊടുപുഴ പോലീസ് സ്ഥലത്തെത്തുകയും പിന്നീട് ഓഫീസ് മുറി ഇരുവശത്ത് നിന്നും തുറക്കുകയുമായിരുന്നു.

എന്നാൽ പുറത്ത് പോകാൻ തയ്യാറാകാതിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓഫീസിനുള്ളിൽ സെക്രട്ടറിക്കെതിരെ മുദ്രാവാക്യം വിളിയുമായി നിലയുറപ്പിച്ചു. ഇതോടെ കൂടുതൽ പോലീസ് സ്ഥലത്തെത്തി. സെക്രട്ടറി ചർച്ചക്ക് തയ്യാറാകണമെന്നും അല്ലെങ്കിൽ തങ്ങളെ അറസ്റ്റ് ചെയ്ത‌് നീക്കണമെന്ന നിലപാടിൽ പ്രവർത്തകർ ഉറച്ച് നിന്നു. എന്നാൽ അറസ്റ്റ് ചെയ്യാൻ പോലീസോ ചർച്ചക്ക് സെക്രട്ടറിയോ തയ്യാറായില്ല. ഇതേ തുടർന്ന് ഇസ്മയിലിനെയും കൂട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൊടുപുഴ ഡിവൈഎസ്പി ഓഫീസിലേക്ക് പോയി. ഇതോടെയാണ് പഞ്ചായത്ത് ഓഫീസിലെ സമരം അവസാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *