ആലപ്പുഴ : ജില്ലയിലെ സർക്കാർ ആശുപ ത്രികളിൽ 2024-25 സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ തിമിര ശസ്ത്രക്രിയചെയ്ത് ഇരുളിൽനിന്നും വെളിച്ചത്തിലേക്ക് ആളുകളെ നയിച്ചവരിൽ ഒന്നാമതായി ഡോ. നവജീവൻ. ആലപ്പുഴ ജനറൽ ആശുപത്രിയിലെ ജൂനിയർ കൺസൾട്ടൻ്റും സഞ്ചരിക്കുന്ന നേത്രവിഭാഗത്തിന്റെ മേധാവിയുമാണ് ഡോ. നവജീവൻ. ദേശീയ അന്ധത- കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലയിൽ കഴിഞ്ഞ സാമ്പത്തികവർഷം സർക്കാർ ആശുപത്രികളിലായി ആകെ 2305 തിമിര ശസ്ത്രക്രിയ കളാണ് നടത്തിയത്. ഇതിൽ 450 ശസ്ത്രക്രിയകൾക്കും നേതൃത്വം നൽകിയത് ഡോ. നവജീവനാണ്. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോ. ലക്ഷ്മിയാണ് രണ്ടാമത്.
എല്ലാ വെള്ളിയാഴ്ചകളിലും ആലപ്പുഴ ജനറൽ ആശുപത്രിയിൽ നടക്കുന്ന ശസ്ത്രക്രിയയുടെ ഭാഗമായാണ് 450 പേരെ ഒരു വർഷംകൊണ്ട് കാഴ്ചയുടെ സുതാര്യലോകത്ത് എത്തിച്ചത്. ‘നയനപദം’ എന്ന പേരിൽ ജില്ലയിൽ സഞ്ചരിക്കുന്ന നേത്രവിഭാഗം ഉൾനാടൻ പ്രദേശങ്ങളിൽ എത്തി കാഴ്ച പരിമിതരെ കണ്ടെത്തി സൗജന്യചികിത്സ നൽകുന്നു. ആശാ വർക്കർമാർ കണ്ടെത്തുന്ന കാഴ്ചപരിമിതരെ പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെ ഒപ്റ്റോമെട്രിസ്റ്റ് പരിശോധിച്ച് വിദഗ്ധചികിത്സ വേണ്ടവരെ മൊബൈൽ യൂണിറ്റിന്റെ ക്യാമ്പിലേക്ക് റഫർ ചെയ്യുന്ന പതിവാണുള്ളത്.
തിമിരം, തക്കസമയത്ത് കാഴ്ച പരിശോധിച്ച് കണ്ണടവയ്ക്കാത്തതുമൂലമുണ്ടാകുന്ന കാഴ്ചവൈകല്യങ്ങൾ, പ്രമേഹമൂലമുള്ള റെറ്റിനോപ്പതി, ഗ്ലോക്കോമ, നേത്രപടലത്തിന്റെ തകരാർ മൂലമുള്ള അന്ധത എന്നിവയാണ് കാഴ്ചയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രധാന കാരണങ്ങൾ. ജില്ലയിൽ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗത്തിന്റെ ക്യാമ്പ്.
ക്യാമ്പുകളിൽനിന്ന് തിമിരം കണ്ടെത്തുന്നവർക്ക് ആലപ്പുഴ ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുന്നു. ഇതിനായി രോഗികളെ കൊണ്ടുവരികയും തിരികെ കൊണ്ടുപോവുകയും ചെയ്യുന്നതുൾപ്പടെ എല്ലാ സേവനങ്ങളും ചികിത്സകളും തികച്ചും സൗജന്യമാണ്.
॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥
വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം
*Click to Join
* https://chat.whatsapp.com/EuJE9C17ISUCKjvoWxFvbT
*വാർത്തകളും പരസ്യങ്ങളും അറിയിക്കാം
*
https://wa.me/message/FJXDNGIRM3KGN1
#newsupdate#latestnews#newshour#newslive#live#livevartha#nattuvarthakal#viralnews#alappuzh#generalhospital#nayanapadam