ഉറവപ്പാറ മലമുകളിൽ തീപിടുത്തം; അണയ്ക്ക്ക്കാൻ ശ്രമിച്ചപ്പോൾ കാറ്റിൽ ആളിപടർന്നു

തൊടുപുഴ : ഉറവപ്പാറ മലമുകളിൽ ക്ഷേത്രത്തിനു സമീപമുള്ള പറമ്പിൽ തീപിടുത്തമുണ്ടായി. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. സാമൂഹിക വിരുദ്ധർ തീയിട്ടതാണെന്നാണ് അനുമാനിക്കുന്നത്. നാട്ടുകാർ തീ കെടുത്താൻ നോക്കിയെങ്കിലും കനത്ത കാറ്റിൽ തീ ആളിപ്പടരുകയായിരുന്നു. ഇതോടെ നാട്ടുകാർ സഹായത്തിനായി അഗ്നി രക്ഷാ സേനയെ വിളിച്ചറിയിച്ചു. ഉടൻ തന്നെ തൊടുപുഴയിൽ നിന്നും അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സേനാംഗങ്ങൾ സ്ഥലത്തെത്തി. തീപിടുത്തം ഉണ്ടായ സ്ഥലത്തേക്ക് ചെറിയ വാഹനം പോലും എത്തിപ്പെടാൻ പറ്റാത്തതിനാൽ ഏകദേശം രണ്ട് കിലോമീറ്റർ ദൂരം നടന്നാണ് തീ പിടിച്ച ഭാഗത്തെത്തിയത്. തുടർന്ന് ഫയർ ബീറ്ററും മറ്റും ഉപയോഗിച്ച് ഏകദേശം ഒരു മണിക്കൂറിലധികം സമയമെടുത്ത് തീ തല്ലിക്കെടുത്തുകയായിരുന്നു. കനത്ത കാറ്റിൽ തീ ആളിപ്പടർന്നപ്പോഴും അതിനെ വകവെക്കാതെയായിരുന്നു സേനയുടെ പ്രവർത്തനം. സമീപ സ്ഥലത്ത് വീടുകൾ ഉണ്ടായിരുന്നെങ്കിലും അവിടേക്ക് തീ പടരാതെ സംരക്ഷിക്കാൻ അഗ്നി രക്ഷാ സേനക്ക് കഴിഞ്ഞു. തീപിടുത്തം ഉണ്ടായ സ്ഥലത്തിന് സമീപം സേനയുടെ വാഹനം എത്തിച്ചേരാൻ പറ്റിയില്ലെങ്കിൽ തീ തല്ലിക്കെടുത്തുന്നത് മാത്രമാണ് പോംവഴി. പലപ്പോഴും ആളുകൾ അശ്രദ്ധമായി തീ ഇടുന്നത് മൂലമാണ് അപകടം വർധിപ്പിക്കുന്നതെന്ന് സേനാംഗങ്ങൾ പറഞ്ഞു. സീനിയർ ഫയർ ഓഫീസർ എം.എൻ വിനോദ് കുമാർ, ഫയർ ഓഫീസർമാരായ അനൂപ് പി.എൻ, ജോബി കെ. ജോർജ്, ബിബിൻ എ. തങ്കപ്പൻ, അജയകുമാർ എൻ.എസ്, സച്ചിൻ സാജൻ, ജസ്റ്റിൻ ജോയി ഇല്ലിക്കൽ, എം.പി ബെന്നി എന്നിവരായിരുന്നു രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#fire #fireaccident #uravappara #thodupuzha #today #news #updates #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *