തൊടുപുഴ : മുനിസിപ്പൽ പാർക്കിന് മുമ്പിലുള്ള യുദ്ധ സ്മാരകം അനാദരിക്കപ്പെടുന്നതായി പരാതി. പോലീസ് കസ്റ്റഡിയിൽ എടുക്കുന്ന വാഹനങ്ങളുടെ പാർക്കിംഗ് മൂലവും പരസ്യ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നതിനാലും യുദ്ധ സ്‌മാരകം അനാദരിക്കപ്പെടുകയാണ്. കാർഗിൽ യുദ്ധ സ്‌മാരകമായി പണി കഴിപ്പിച്ച സ്‌മാരകം നെഹ്റു യുവ കേന്ദ്രയുടെ കീഴിലാണുള്ളത്. സ്‌മാരകത്തിൽ കാർഗിൽ വിജയ ദിവസത്തിന്റെ തീയതി പോലും തെറ്റായാണ് ആലേഖനം ചെയ്‌തിരിക്കുന്നതെന്നും യുദ്ധ സ്മാരകം അതിന്റെ പവിത്രതയോടെ നില നിർത്തണമെന്നും സ്‌മാരകത്തിന്റെ സമീപമുള്ള പാർക്കിംഗ്, പരസ്യ ബോർഡുകൾ ഇവ നീക്കം ചെയ്യണമെന്നും പൂർവ സൈനിക് സേവാ പരിഷത് ഇടുക്കി ജില്ലാ പ്രസിഡൻ്റ് സോമശേഖരൻ സി.ജി ആവശ്യപ്പെട്ടു. ഇന്ത്യ – പാക് യുദ്ധത്തിൻ്റെ വിജയ് ദിവസത്തിന്റെ ആഘോഷത്തിൻ്റെ ഭാഗമായി യുദ്ധ സ്‌മാരകത്തിൽ പുഷ്‌പചക്രം അർപ്പിച്ച ശേഷം പൂർവ സൈനികരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡിൻ്റെ മധ്യത്തിലായുള്ള സ്മാരകത്തിന്റെ അടിത്തറയ്ക്കും കൈവരികൾക്കും വാഹനങ്ങൾ ഇടിച്ചു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. യുദ്ധസ്‌മാരകം സന്തോഷ് പാർക്കിനുള്ളിൽ ഉചിതമായ ഒരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്നതാവും നല്ലതെന്ന് ജനറൽ സെക്രട്ടറി ചന്ദ്രശേഖരപിള്ള അഭിപ്രായപ്പെട്ടു.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1