ഇടുക്കി : കൂട്ടാറിൽ മദ്യപിച്ചെത്തിയ സംഘം തട്ടുകട അടിച്ചു തകർത്ത ശേഷം പണം അപഹരിച്ചു കടന്നതായി പരാതി. നെടുങ്കണ്ടം കമ്പംമെട്ട് അന്തർ സംസ്ഥാന പാതയിൽ കൂട്ടാറിന് സമീപം ഒറ്റക്കടയിൽ പ്രവർത്തിക്കുന്ന ബിസ്‌മി തട്ടുകടയിലാണ് മദ്യപസംഘം ആക്രമണം നടത്തിയത്. കടയുടമയ്ക്കും ഭാര്യക്കും മർദനമേറ്റു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ദമ്പതികൾ ചികിത്സ തേടി. ഭർത്താവിനെ മർദിക്കുന്നത് കണ്ട് തടയാൻ എത്തിയ ഭാര്യ റെജീന ബീവിയെ അക്രമിസംഘം ചവിട്ടി നിലത്തിട്ട് മർദിച്ചതായും പരാതിയുണ്ട്. രണ്ടംഗസംഘം ഭക്ഷണം കഴിച്ചശേഷം പണം നൽകുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാകുകയായിരുന്നു. തുടർന്ന് കടയിൽ ഉണ്ടായിരുന്ന വസ്‌തുക്കളും ഭക്ഷണ സാധനങ്ങളും അടിച്ചു തകർത്തു. കട ഉടമയായ എം.എം. നൗഷാദിനെ നിലത്തിട്ട് മർദിച്ചു. ഇയാളുടെ ശരീരമാസകലം മർദനമേറ്റു. നൗഷാദിൻ്റെ കാലിന് പൊട്ടലുമുണ്ട്. യാതൊരുവിധ പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണമെന്നും പണപ്പെട്ടിയിൽ നിന്നും 10,000 ത്തിലധികംരൂപ അപഹരിച്ചതായും നൗഷാദ് പറഞ്ഞു. കമ്പംമെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

