തൊടുപുഴ: കനത്ത മഴയിൽ തൊമ്മൻകുത്ത് പുഴയിൽ ജലനിരപ്പുയർന്ന് മണ്ണുക്കാട് ചപ്പാത്ത് മുങ്ങിയതിനെത്തുടർന്ന് വയോധികൻ്റെ സംസ്കാരച്ചടങ്ങുകൾ നടത്തുന്നതിനായി ബന്ധുക്കളെയും കാർമികനെയും പുഴയുടെ മറുകരെയെത്തിച്ച് ഫയർഫോഴ്സ്. പുഴയിൽ വെള്ളം ഉയർന്ന സാഹചര്യത്തിലാണ് ഫയർഫോഴ്സിൻ്റെ സഹായം തേടിയത്. തൊമ്മൻകുത്ത് മണ്ണുക്കാട് ഭാഗത്ത് താമസിക്കുന്ന നോമ്പ്രയിൽ പാലൻ്റെ (95) സംസ്കാര ചടങ്ങുകൾ നടത്തുന്നതിനാണ് നിറഞ്ഞ് ഒഴുകുന്ന തൊമ്മൻകുത്ത് പുഴ മുറിച്ചു കടക്കാൻ ഫയർഫോഴ്സിൻ്റെ സേവനം ബന്ധുക്കൾ ആവശ്യപ്പെട്ടത്. തുടർന്ന് തൊടുപുഴ ഫയർഫോഴ്സ് സ്കൂബ ടീം എത്തി ഇവരുടെ ഡിങ്കിബോട്ടിൽ ബന്ധുക്കളെയും കാർമികനെയും പുഴയുടെ മറുകരയെത്തിച്ചു. വാർധക്യസഹജമായ അസുഖത്തെvതുടർന്നാണ് പാലൻ മരിച്ചത്. ഇവിടേക്കുള്ള ചപ്പാത്ത് മൂടിയതിനാൽ വാഹനം മറുകരെ എത്തിക്കാനും ബന്ധുക്കൾക്കായില്ല. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ കെ.എ. ജാഫർഖാൻ, ഫയർ ഓഫീസർമാരായ ടി.കെ.വിവേക്, കെ.എസ്. അബ്ദുൽ നാസർ, എം.പി ബെന്നി എന്നിവർ പങ്കെടുത്തു.
☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1