മൂലമറ്റം : അപകടാവസ്ഥയിലിരിക്കുന്ന വൈദ്യുതി ബോർഡിൻ്റെ കെട്ടിടം പൊളിച്ച് നീക്കണമെന്ന ആവശ്യം ശക്തം. മൂലമറ്റം ഐഎച്ച്ഇപി സ്കൂളിന് മുമ്പിൽ മൂലമറ്റം- വാഗമൺ റോഡിലാണ് വർഷങ്ങൾക്ക് മുമ്പ് ഇടുക്കി പദ്ധതിയുടെ ആവശ്യത്തിനായി നിർമ്മിച്ച ക്വാർട്ടേഴ്സുകൾ ഏതു സമയവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലുള്ളത്. ഇലപ്പള്ളി, ഇടാട്, പുള്ളിക്കാനം, വാഗമൺ, ഏലപ്പാറ തുടങ്ങിയ സ്ഥലങ്ങളിലേക്കും കുമളി, തേക്കടി, വാഗമൺ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങളും, സ്വകാര്യ, കെഎസ്ആർടിസി ബസുകളുമടക്കം നിരവധി വാഹനങ്ങളാണ് ദിവസേന മൂലമറ്റം- വാഗമൺ റോഡ് വഴി കടന്നുപോകുന്നത്. ഇതുവഴി പോകുന്ന വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും, വിദ്യാർത്ഥികൾക്കും അപകടഭീഷണിയുയർത്തി നിൽക്കുന്ന കെട്ടിടം എത്രയും വേഗം പൊളിച്ചുനീക്കുവാൻ ജില്ലാ കളക്ടർ ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം.
