ഭരണങ്ങാനം : ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 19 മുതൽ 28 വരെ ആഘോഷിക്കും.
പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടനവും തദവസരത്തിൽ നടക്കും. സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ, കർദിനാൾമാരായ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, മാർ ജോർജ് ആലഞ്ചേരി എന്നിവരും വിവിധ രൂപതകളിലെ 11 ബിഷപ്പുമാരും തിരുനാൾദിവസങ്ങളിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. 19 മുതൽ 27 വരെ എല്ലാ ദിവസവും വൈകുന്നേരം 6.15-ന് ഭരണങ്ങാനത്തെ ഭക്തിസാന്ദ്രമാക്കുന്ന ജപമാല- മെഴുകുതിരി പ്രദക്ഷിണമുണ്ട്.
19 മുതൽ 27 വരെ എല്ലാ ദിവസവും രാവിലെ 5.30, 6.45, 8.30, 10.00, 11.30 2 2.30, വൈകുന്നേരം നാല്, അഞ്ച്, രാത്രി ഏഴ് എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. പ്രധാന തിരുനാൾ ദിനമായ 28-ന് പുലർച്ചെ 4.45 മുതൽ രാത്രി 9.30 വരെ ഓരോ മണിക്കൂറിലും വിശുദ്ധ കുർബാനയുണ്ടായിരിക്കും.
24-ന് രാവിലെ 11.30-ന് സീറോ മലങ്കര സഭ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.
27-ന് വൈകുന്നേരം 6.30-ന് അൽഫോൻസാമ്മയുടെ മഠത്തിലേക്ക് ജപമാല പ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ 28-ന് രാവിലെ 6.45-ന് നെയ്യപ്പനേർച്ച വെഞ്ചരിപ്പും തുടർന്ന് നേർച്ചവിതരണവും ആരംഭിക്കും. കബറിടത്തിങ്കലെത്തുന്ന എല്ലാ തീർത്ഥാടകർക്കും നേർച്ചയപ്പം നൽകും. രാവിലെ 10.30-ന് ഇടവക ദൈവാലയത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് 12.30-ന് തിരുനാൾ പ്രദക്ഷിണം.
